ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
നൂല്പുഴ പഞ്ചായത്തിന്റെ പ്രാചീന ചരിത്രം പട്ടിക വര്ഗ്ഗസംസ്കാരങ്ങളുടെ ചരിത്രമാണ്. ആ ചരിത്രം ആധുനിക മനുഷ്യന് ഉള്‍ക്കൊള്ളാനാവാത്ത വിധം സ്വാശ്രയത്തിലൂന്നിയ സംസ്കാരമായിരുന്നു. ഉപ്പ് മാത്രമാണ് ആദിമ നൂല്പുഴ നിവാസി പുറമേ നിന്ന് വാങ്ങിയിരുന്നത്. ആവണക്കില്‍ നിന്നും മരോട്ടിയില്‍ നിന്നും എണ്ണയെടുത്ത് വിളക്ക് കത്തിച്ചു. ഊരാളി കുറുമന്റെ ഇരുമ്പുരുക്ക്ശാലകളില് പെട്ടെന്ന് തുരുമ്പിക്കാത്ത ഇരുമ്പായുധ ങ്ങളുണ്ടാക്കി. ഇന്നും ഊരാളി കുറുമനുണ്ടാക്കുന്ന ഇരുമ്പായുധങ്ങള്‍ തുരുമ്പിക്കാറില്ലാ എന്നാണ് വിശ്വാസം. ആദ്യ കാലത്ത് കുറുമര്‍, പണിയര്‍, കാട്ടുനായ്ക്കര്‍ എന്നീ ആദിവാസികളാണ് ഉണ്ടായിരുന്നത്. ഇന്ന് ഇവരെ കൂടാതെ പണിയര്‍, കളനാടികള്‍ എന്നീ വിഭാഗവും പഞ്ചായത്തിലുണ്ട്.വയനാടിന്റെ മറ്റു ഭാഗങ്ങളില്‍ കാണുന്ന കുറിച്യര്‍, അടിയര്‍ എന്നിവര്‍ ഈ പഞ്ചായത്തിലില്ലായിരുന്നു.. പുതാടിയിലെ ‘വെളിക്കുന്നം’ കോട്ട ആസ്ഥാനമാക്കി വയനാട് ഭരിച്ച വേടവംശത്തെ കുമ്പള-കോട്ടയം-കുറുമ്പനാട് രാജാക്കന്മാര് ചേര്‍ന്ന് ചതിച്ച് വധിച്ചെന്നും ‘വെളിക്കുമ്പം’ കോട്ട പിടിച്ച് വധിക്കപ്പെടാത്തവരെ അടിമകളായി പിടിച്ചെന്നും കരുതപ്പെടുന്നു. കുറച്ചു പേര് കാട്ടില്‍ അഭയം തേടി. കാട്ടില്‍ അഭയം തേടിയവര്‍ കാട്ടുനായക്കരായി. പിടിക്കപ്പെട്ടവര്‍ കുറുമരായി. വളരെ വൃത്തിയുള്ള കുടിലുകളുള്ള കോളനിയിലാണ് ഇവര്‍ താമസിക്കുന്നത്. വേട്ടയും കൃഷിയും ആണ് ഉപജീവനമാര്‍ഗ്ഗങ്ങള്‍. വികസനം ഏറ്റവും കൂടുതല്‍ എത്തിയിട്ടുള്ളത് ഇവര്‍ക്കിടയിലാണ്. ധാരാളം പേര് ഉന്നത വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ഇവരില്‍ ഭൂരഹിതര്‍ കുറവാണ്. മലയാളം പ്രത്യേക രീതിയില്‍ സംസാരിക്കുന്നു.ചാതുര്വര്ണ്ണ്യത്തിന് സമാനമായ ഒരു സമൂഹ ക്രമം ഇവിടെ നിലനിന്നിരുന്നു. ചെട്ടിമാര്‍ക്ക് ഊരായ്മ, പതിയര്ക്ക് കാരായ്മ, കുറുമര്‍ക്ക് മുളങ്കണ്ടം (വേട്ട, യുദ്ധം), പണിയര്‍ക്ക് ചേറ് (അദ്ധ്വാനം) ഇതായിരുന്നു ആ സാമൂഹ്യക്രമം. |
കര്ഷകചരിത്രം |
പ്രാചീനകാലം മുതല്‍ കൃഷിയായിരുന്നു നൂല്‍പ്പുഴ പഞ്ചായത്ത് ഉള്‍ക്കൊള്ളുന്ന പ്രദേശത്തെ ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം. ഭക്ഷ്യാവശ്യത്തിനുവേണ്ടിയായിരുന്നു പ്രധാനമായും കൃഷി നടത്തിയിരുന്നത്. ഇതില്‍ നെല്ല്, മുത്താറി, ചാമ എന്നിവ വ്യാപകമായും ഓറഞ്ച്, പുകയില, കാപ്പി, വാഴ, ഇഞ്ചി, മഞ്ഞള്‍, ആവണക്ക് എന്നിവ പരിമിതമായും കൃഷി ചെയ്തിരുന്നു. കൃഷിയോടൊപ്പം തന്ന കന്നുകാലി വളര്‍ത്തലിനും പ്രാധാന്യമുണ്ടായിരുന്നു. കാളക്കൂട്ടങ്ങള്‍ മൂന്നു പതിറ്റാണ്ടു മുമ്പുവരെ വയലുകളില്‍ മേഞ്ഞു നടന്നിരുന്നത് ഒരു പതിവു കാഴ്ചയായിരുന്നു. പ്രകൃതിയെയും കന്നുകാലികളെയും മാത്രം ആശ്രയിച്ചാണ് അക്കാലത്ത് കൃഷിരീതികള്‍ നടത്തിയിരുന്നത്. നെല്‍കൃഷിക്കനുയോജ്യമായ കാലാവസ്ഥയായിരുന്നു അന്നുണ്ടായിരുന്നത്. ഫലഭൂയിഷ്ഠമായ മണ്ണും ജൈവവളങ്ങളുടെ ലഭ്യതയും വറ്റാത്ത നീരുറവകളും നെല്‍കൃഷിക്ക് അനുയോജ്യമായ ഘടകങ്ങളായിരുന്നു.
|
സാംസ്കാരിക ചരിത്രം |
ഇന്നത്തെ നുല്പുഴയുടെ സംസ്കാരം സമന്വയത്തിന്റെയും വിനിമയത്തിന്റെയും സംസ്കാരമാണ്. അതിന് മുമ്പ് നുല്പുഴയ്ക്ക് തനിമയാര്‍ന്ന ഗോത്രവര്‍ഗ്ഗസംസ്കാരം ഉണ്ടായിരുന്നു. ഗോത്രവര്‍ഗ്ഗങ്ങളില്‍ കുറുമര്‍ക്കും പണിയര്‍ക്കും കാട്ടുനായ്ക്കന്മാര്ക്കും പതിയന്മാര്‍ക്കും കളനാടികള്ക്കും എല്ലാം അവരുടേതായ സാംസ്കാരിക പൈതൃകങ്ങളുണ്ട്..മുള്ളുവക്കുറുമര്‍ വേടരാജാവിന്റെ പടയാളികളായിരുന്നു. കൃഷിപ്പണിയും കന്നുകാലി വളര്‍ത്തലും കൃഷിയും നായാട്ടും തൊഴിലാക്കിയ ഇവര്‍ക്ക് ഇതിനനുസരണമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണുള്ളത്. ഇവരുടെ ഭാഷ മലയാളം തന്നയാണ്. ആണ്‍കുട്ടികളും കാത് കുത്തിയിരുന്നു. മനോഹരമായി കളിമണ്ണ് കൊണ്ട് മെഴുകി വൃത്തിയാക്കിയ വീടുകളാണ് ഇവര്‍ക്കുള്ളത്. കോളനികളായി താമസിക്കുന്നു. കോളനിക്കുള്ളില്‍ തന്ന ദൈവപ്പുരയുണ്ട്. ആത്മീയ കാര്യങ്ങള്‍ അവിടെ വെച്ച് തീരുമാനിക്കുന്നു. കാതിയ കുലം, വില്ലപ്പകുലം, വടക്കകുലം, വെങ്കടകുലം എന്നിങ്ങനെ നാല് കുലങ്ങളില് പെട്ടവരാണിവര്. ഒരു കോളനിയില്‍ തന്ന ഒന്നിലധികം കുലങ്ങളില് പെട്ടവരുണ്ടാകും. കാരണം ഒരു കോളനിക്കുള്ളില്‍ തന്നയോ ഒരേ കുലത്തില്‍ നിന്ന് തന്നയോ ഉള്ള വിവാഹബന്ധം നിഷിദ്ധമാണ്. നാല് തലമുറക്കിപ്പുറം രക്തബന്ധമുള്ളവരില്‍ നിന്നും വിവാഹബന്ധം നിഷിദ്ധമാണ്. ഈ മുന്‍കരുതലുകള്‍ മൂലം ജനിതകരോഗങ്ങള്‍ ഇവര്‍ക്കിടയില്‍ പ്രായേണ കുറവാണ്.വേടപാരമ്പര്യം കുറുമരുടെ ജീവിതരീതിയിലും പ്രകടമാണ്. കുടികള്‍ എന്നറിയപ്പെടുന്ന കോളനികള്‍ക്ക് നേതാവ് ഏറ്റവും പ്രായം ചെന്നയാളായിരുന്നു. അയാളുടെ കാലശേഷം പ്രായം കൂടുതലുള്ള ആള് മൂപ്പനാകും.മരണാന്തര ജീവിതത്തില്‍ വിശ്വസിക്കുന്ന കുറുമര്‍, മൃതദേഹത്തോടൊപ്പം മുറുക്കാനും അവരുപയോഗിച്ചിരുന്ന ആയുധങ്ങളും അടക്കം ചെയ്യുന്ന കുഴിയെടുത്ത ശേഷം അരികിലേക്ക് മണ്ണ് തുരന്ന് സ്ഥലമുണ്ടാക്കിയാണ് ശവം നിക്ഷേപിക്കുന്നത്. എല്ലാ കോളനികള്‍ക്കും സ്വന്തമായി പൊതു ശ്മശാനമുണ്ട്. ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളവരും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വന്നിട്ടുള്ളവരും ഇവരാണ്.പണിയരുടെ ജീവിതരീതിയും സംസ്കാരവും എല്ലാ അര്‍ത്ഥത്തിലും അടിമത്തത്തിന്റെ ആലസ്യം പേറുന്നു. ‘വല്ലികെട്ടികുടി’ അടിമത്തം വരിക്കുന്ന പണിയര്‍ രോഗം വന്നാല്‍ മരുന്നിന് പകരം ‘ദൈവത്തെ കാണുക’ എന്ന ചടങ്ങ് നടത്തും. കോളനിയുടെ അധിപനായ ‘മുതലി’ യാണ് ഇവരുടെ ആത്മീയനേതാവ്. വല്ലികൊണ്ട് വയറ് നിറയാത്തപ്പോള് മുളങ്കൂമ്പും കാട്ടുതാളും കാട്ടുകിഴങ്ങും ഭക്ഷിക്കും. വെറ്റിലമുറുക്കും മദ്യപാനവുമാണ് ഭക്ഷണത്തേക്കാള്‍ അഭികാമ്യം. കുളികന്, കുട്ടിച്ചാത്തന്, തമ്പുരാട്ടി എന്നീ മലദൈവങ്ങളാണ് ആരാധനാമൂര്‍ത്തികള്‍. മരിച്ചുപോയവരുടെ ആത്മാക്കളില്‍ നിന്നും ഉപദ്രവമുണ്ടാകാതിരിക്കാന്‍ ‘കാക്കപ്പുല’ എന്ന ചടങ്ങ് നടത്തുന്നു. ബാധകള്‍ ഒഴിവാക്കുവാന്‍ കൊടിവെക്കുക ‘കോമരം പായുക‘ തുടങ്ങിയ ചടങ്ങുകള്‍ നടത്തുന്നു വിവാഹത്തിന് പെണ്‍പണം പതിവുണ്ട്. രാത്രിയില്‍ ഘോഷയാത്രയായിച്ചെന്നാണ് പെണ്ണിനെ കൊണ്ട് വരിക. മരം തുരന്നുണ്ടാക്കിയ ചീനിക്കുഴല്‍ വിളിച്ച് കുരങ്ങിന്റെ തോല് കൊണ്ടുണ്ടാക്കിയ തുടിമുട്ടി വരിവരിയായി നീങ്ങുന്ന ഘോഷയാത്ര ഒരു കാഴ്ചയായിരുന്നു. ഇപ്പോള്‍ ഇഷ്ടമുള്ളവര്‍ ഇഷ്ടമുള്ളവരുടെ കൂടെ കഴിയുക എന്നതായിട്ടുണ്ട് ചടങ്ങ്. വേടവംശത്തിന്റെ പതനത്തോടെ കാട് കയറിപ്പോയവരെന്ന് വിശ്വസിക്കുന്ന കാട്ടുനായ്ക്കര്‍ ജീവിതരീതിയിലും സംസ്കാരത്തിലും ഭാഷയിലും നരവംശ ശാസ്ത്രപരമായും കുറുമരില്നിന്ന് വ്യത്യസ്തരാണ്. ഭാഷ പ്രാകൃത കന്നട തന്നയാണ്. നരവംശശാസ്ത്രപരമായും കര്‍ണ്ണാടകയിലെ ആദിവാസി വിഭാഗങ്ങളോടാണ് ഇവര്‍ക്ക് സാമ്യം. മൊട്ടമ്പും വില്ലും വെട്ടുകത്തിയുമാണ് ഇവരുടെ ആയുധം.പരമ്പരാഗത കൈത്തൊഴില്‍ വൈദഗ്ദ്ധ്യത്തിന്റെ ജീവനുള്ള രൂപങ്ങളാണ് ഊരാളിക്കുറുമര്‍. അവരുണ്ടാക്കുന്ന കലങ്ങള്‍ ഈടിനും ഉറപ്പിനും പേരുകേട്ടവയാണ്. കൊട്ടകളും മുറവും കാര്‍ഷികോപകരണങ്ങളും എല്ലാം നിര്‍മ്മിക്കുന്ന ഊരാളിക്കുറുമര്‍ ഒരേ സമയം കുശവരും നെയ്ത്തുകാരും ആശാരിമാരും കൊല്ലപ്പണിക്കാരും എല്ലാമാണ്. ഇവര്‍ക്ക് ‘വാച്ചി’ എന്ന ആയുധമുപയോഗിച്ച് മരത്തില്‍ എന്ത് പണിയും വൃത്തിയായി ചെയ്യാനറിയാം. വനത്തിനുള്ളില്‍ കഴിയുന്ന ഇവരുടെ നാടോടിസ്വഭാവം മൂലം അമൂല്യമായ ഈ വൈദഗ്ദ്ധ്യം കാലഹരണപ്പെടും എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു.ജില്ലയില്‍ ഈ പഞ്ചായത്തിലെ തേലമ്പറ്റയില്‍ മാത്രം കണ്ടുവരുന്ന കളനാടികള്‍ കൃഷിയും കച്ചവടവും ചെയ്തു ജീവിക്കുന്നു. പണിയര്‍ സ്വന്തം ഭൂമിയില്‍ കൃഷി ചെയ്ത് ജീവിക്കുന്നു. കാര്യസ്ഥത മുഖമുദ്രയായ ഒരു സംസ്കാരമാണ് അവരുടേത്. മാച്ചമ്പള്ളി ക്ഷേത്രത്തിന്റെ കാരായ്മ അവര്‍ക്കാണ്. വിവാഹത്തിന് രാജകീയമായ ചടങ്ങുകളാണുണ്ടായിരുന്നത്. വാളേന്തി ഓലക്കുട ചൂടിയാണ് വരന് പന്തലിലെത്തേണ്ടിയിരുന്നത്. ഇന്ന് ഇത്തരം ചടങ്ങുകളൊന്നും നിലവിലില്ല. നരിക്കുത്ത്, കോല്‍ക്കളി, വട്ടക്കളി തുടങ്ങിയവയാണ് പതിയരുടെ കലാരൂപങ്ങള്‍. ഹൈന്ദവക്ഷേത്രങ്ങളോടനുബന്ധിച്ച് ഒട്ടനവധി ഉത്സവങ്ങള്‍ നടത്തപ്പെടുന്നുണ്ട്. മുലങ്കാവ് ശിവക്ഷേത്രം, വള്ളുവാടി ശിവക്ഷേത്രം, തേലമ്പറ്റ, പൊന്‍കുഴി, ആലുംകുളം, മാതമംഗലം കഴമ്പുകുന്ന്, തിണൂര്‍, ചിറ്റൂര്‍, മൊകയില്‍, ചെട്ട്യാലത്തുര്‍, പിലിച്ചിക്കാവ്, ഈച്ചക്കുന്ന്, തിരുവണ്ണൂര്‍ തുടങ്ങിയ ക്ഷേത്രങ്ങളിലെല്ലാം തിറ, ശിവരാത്രി, നവരാത്രി എന്നിങ്ങനെ വിവിധ അവസരങ്ങളിലായി ആരാധനാ അനുഷ്ഠാനങ്ങളും കലാപരിപാടികളും അടങ്ങുന്ന ഉത്സവങ്ങള്‍ നടക്കാറുണ്ട്. ഈച്ചക്കുന്ന്, മൂലങ്കാവ്, വടക്കനാട്, കല്ലുമുക്ക്, തോട്ടാമൂല എന്നിവിടങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങളുടെ കാവല്‍ പുണ്യവാളന്മാരുടെ ഓര്‍മ്മപ്പെരുന്നാളും ഗംഭീരമായി ആഘോഷിക്കപ്പെടാറുണ്ട് |
അധിനിവേശ ചരിത്രം |
13-ാം നൂറ്റാണ്ടു മുതല്‍ പഞ്ചായത്തിലെ അധിനിവേശത്തിന്റെ ചരിത്രം ആരംഭിക്കുന്നു. മൂന്നാം നൂറ്റാണ്ടു മുതല്‍ 13-ാം നൂറ്റാണ്ടു വരെ ദാര നഗരം ആസ്ഥാനമാക്കി തെക്കന്‍ കര്‍ണ്ണാടകം ഭരിച്ചിരുന്ന ഹൊയ്സാല രാജവംശത്തിന്റെ കീഴില്‍ ഒരു കൂട്ടം കാര്‍ഷികജനത നൂല്പുഴ പഞ്ചായത്തില്‍ അധിവാസമുറപ്പിച്ചു. ഇവരുടെ സംഭാവനയായ തലച്ചിറകളും വീരക്കല്ലുകളും പഞ്ചായത്തില്‍ ഇപ്പോഴും ധാരാളമായി കാണാം. ചരിത്രത്തിന്റെ മറ്റൊരു വഴിത്തിരിവ് 300 ഓളം വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെട്ടിമാരുടെ വരവോടെ ആരംഭിക്കുന്നു. തമിഴ്നാട്ടിലെ വണിക്കുകളായ ചെട്ടിമാരില്‍ നിന്ന് വ്യത്യസ്തരായി ഇവരും ജൈനന്മാരെ പിന്തുടര്ന്ന് കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടു. നരവംശശാസ്ത്രപരമായി ഇവര്‍ക്ക് കോങ്കണ തീരത്തെ ഷെട്ടിമാരോടാണ് സാദൃശ്യം കൂടുതല്‍. നെല്‍കൃഷിയിലാണ് ഇവര്‍ കൂടുതല്‍ ശ്രദ്ധിച്ചത്. ഇവരാണ് വയനാട്ടില്‍ അടിമ സമ്പ്രദായം ആരംഭിച്ചത്. പണിയരെ ‘വല്ലികെട്ട്’ എന്ന സമ്പ്രദായത്തിലൂടെ അടിമകളാക്കുകയാണ് ചെയ്തത്. കാരണം ബ്രിട്ടീഷ് ഗവണ്മെന്റ് പില്ക്കാലത്ത് അനുവദിച്ച് നല്കിയ തോക്കുകളല്ലാത്ത ആയുധങ്ങളൊന്നും ഇവരുടേതായിട്ടില്ല. മാത്രമല്ല വെട്ടു കത്തി പോലും സ്വന്തമായില്ലായിരുന്ന പണിയരെ ഭൂമിയുടെ അവകാശത്തില്‍ നിന്നും നിഷ്കാസിതരാക്കിയവര് ആയുധങ്ങളുള്ള ഗോത്രവര്‍ഗ്ഗമായ കുറുമരുടെ ഭൂമി കൈവശപ്പെടുത്താന്‍ ശ്രമിക്കുകയുണ്ടായില്ല. |